ഒരു കൂട്ടം ആളുകളില്‍ (അഥവാ നിക്ഷേപകര്‍) നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ ആയിരിക്കും ഈ ഫണ്ട് മാനേജ് ചെയ്യുക. പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് രൂപീകരിക്കുക. തുടർന്ന് ഇക്വിറ്റികളായും ബോണ്ടുകളായും മണി മാർക്കറ്റ് ഉപകരണങ്ങളായും മറ്റു ധനകാര്യ സെക്യൂരിറ്റികളായും ഈ പണം നിക്ഷേപിക്കപ്പെടുന്നു.
ഓരോ നിക്ഷേപകനും ആകെ ഫണ്ടിന്റെ ഭാഗമായ യൂണിറ്റുകളുടെ ഉടമസ്ഥാവകാശം ഉണ്ടാകും. ഫണ്ടിന്റെ നെറ്റ് ആസ്തി മൂല്യം (എൻഎവി) കണക്കാക്കിയതിന് ശേഷം വേണ്ട ചെലവുകൾ കിഴിച്ച് ഫണ്ടിൽ നിന്നുമുള്ള വരുമാനം നിക്ഷേപകർക്കിടയിൽ ആനുപാതികമായി വിതരണം ചെയ്യും. പ്രതിമാസം 500 രൂപ മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കാം.
വിവിധതരം മ്യൂച്വൽ ഫണ്ടുകൾ
ഇക്വിറ്റി ഫണ്ട്: ഇക്വിറ്റികളായി അഥവാ കമ്പനികളുടെ ഓഹരികളായി പണം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ട്. ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സ്കീമാണ് ഇത്. ഇക്വിറ്റി ഫണ്ടുകളിൽ ഉയർന്ന വരുമാനം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഡെബ്റ്റ് ഫണ്ട്: ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച റിട്ടേൺ ലഭിക്കണമെങ്കിൽ നിങ്ങൾക്ക് ഡെബ്റ്റ് ഫണ്ട് തെരഞ്ഞെടുക്കാം. ബോണ്ട്, കടപ്പത്രം, ഫിക്സഡ് ഡിപ്പോസിറ്റ്, സർക്കാർ സെക്യൂരിറ്റികൾ എന്നിവയിലാണ് ഇത്തരം മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തേണ്ടത്. ഇത്തരം നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയാണ് ലാഭമായി ഇവർക്ക് കിട്ടുന്നത്. ഇതിന് താരതമ്യേന റിസ്‌ക് വളരെ കുറവായിരിക്കും
ലിക്വിഡ് ഫണ്ട്: ലിക്വിഡ് ഫണ്ട് അറിയപ്പെടുന്നത് മണി മാർക്കറ്റ് എന്ന് കൂടിയാണ്. ട്രഷറി ബിൽ, സർക്കാർ ബോണ്ടുകൾ എന്നിവയിലേക്ക് ചെറിയ കാലയളവിൽ നിക്ഷേപം നടത്താൻ സാധിക്കുന്നു എന്നതാണ് ഇത്തരം ഫണ്ടുകളുടെ പ്രത്യേകത.
ബാലൻസ്ഡ് ഫണ്ട്: ഇക്വിറ്റിയും ഡെറ്റും ചേർന്നതാണ് ബാലൻസ്ഡ് ഫണ്ടുകൾ. ഓഹരികളിലും കടപ്പത്രങ്ങളിലും ഒരേ പോലെ നിക്ഷേപം നടത്തുന്ന ഫണ്ടുകളാണിവ. ഓഹരി വിപണിയിലെ തിരിച്ചടികൾ മ്യൂച്വൽ ഫണ്ടിനെ കാര്യമായി ബാധിക്കുകയില്ല. ഇത്തരത്തിലുള്ള ഫണ്ടുകൾ 40 ശതമാനത്തോളം മാത്രമേ മാർക്കറ്റിൽ നിക്ഷേപിക്കുകയുള്ളൂ.
ഗിൽറ്റ് ഫണ്ടുകൾ : പലിശ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫണ്ടുകളാണ് ഗിൽറ്റ് ഫണ്ടുകൾ. കൂടുതലായും സർക്കാർ സെക്യൂരിറ്റികളിലാണ് ഗിൽറ്റ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. സർക്കാർ സുരക്ഷ ഉള്ളതു കൊണ്ട് ഏറ്റവും സുരക്ഷിതമായ മ്യൂച്വൽ ഫണ്ട് ഗിൽറ്റ് ഫണ്ടാണെന്ന് പറയാം. ഫണ്ട് ഓഫ് ഫണ്ട്സ്, ഇൻഡക്സ്, സെക്ടർ ഫണ്ട് എന്ന രീതിയിലും ഗിൽറ്റ് ഫണ്ടുകൾ നിലവിലുണ്ട്